ചരിത്രം
ആദ്യതെരെഞ്ഞടുപ്പിൽ മേൽപ്പറഞ്ഞ വാർഡുകളിൽ നിന്നും യഥാക്രമം പി.തങ്കപ്പൻപ്പിള്ള, പി.കുഞ്ഞൻപിള്ള, മുഹമ്മദ് ഹനീഫ, പത്മനാഭൻ നാടാർ, അസറിയാദേവദാസ്, ജ്ഞാനപ്രകാശം, നാരായണൻ നായർ എന്നിങ്ങനെ അക്കാലത്തെ പ്രമുഖരായ സാമൂഹ്യനായകന്മാരായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1953 ജൂലൈ 31-ന് ചേർന്ന പഞ്ചായത്തുകമ്മിറ്റിയുടെ ആദ്യയോഗം പി.കുഞ്ഞൻപിള്ളയെ പ്രസിഡന്റായി തെരെഞ്ഞടുത്തു. 1953 ആഗസ്റ്റ് 15 രാവിലെ 8 മണിക്ക് ആർ.കേശവൻനായർ എം.എൽ.എ പഞ്ചായത്തോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കായി ദീർഘനാൾ ഈ കെട്ടിടം വാടക വാങ്ങാതെ വിട്ടുതന്നത് ഏണിക്കര അകത്തുംവിളാകത്ത് വീട്ടിൽ ചെല്ലമ്മയാണ്. പഞ്ചായത്തുപ്രസിഡന്റിന്റെ കൈയിൽ നിന്നടുത്ത 25 രൂപയായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രവർത്തനഫണ്ട്.
സാംസ്കാരികചരിത്രം
വാതിലുകളില്ലാതെ കൽപ്പാളികൾ കൊണ്ടുമാത്രം പണിതീർത്ത തിരുമാനൂർ മഹാദേവക്ഷേത്രം (ആനൂർ), പഴക്കവും നിർമ്മാണവൈവിധ്യവും അതിലുപരി ഐതിഹ്യപ്രാധാന്യവും കൊണ്ട് പ്രശസ്തമാണ്. ബുദ്ധമതവിശ്വാസികളും കൃഷിക്കാരുമായിരുന്നു ഈ പ്രദേശത്തെ ആദിമനിവാസികളെന്നു കരുതപ്പെടുന്നു. തിരുച്ചിറപ്പള്ളി, കല്ലമ്പള്ളി, കളത്താപ്പള്ളി എന്നീ സ്ഥലനാമങ്ങൾ ബുദ്ധമതസങ്കേതങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ കാലാന്തരത്തിൽ ഹിന്ദുമതമുന്നേറ്റത്തിൽ ഈ വിഹാരങ്ങളും അവിടങ്ങളിലെ ജനതയും അമർച്ച ചെയ്യപ്പെട്ടതായും കരുതാം. ഇതിനെതിരെ ചെറുത്തുനിന്നവരെ കൂട്ടമായി കഴുവേറ്റിയതുകൊണ്ടാണ് കഴുനാട് എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. കുരുമുളക്, അടയ്ക്കാ തുടങ്ങിയ കാർഷികവിഭവങ്ങളുടെ ക്രയവിക്രയത്തിനായി മുസ്ലീം കച്ചവടക്കാർ വളരെ മുമ്പേതന്നെ ഇവിടെ എത്തിയിരുന്നു. മലഞ്ചരക്കുകൾ സംഭരിച്ച് വ്യാപാരം ചെയ്തിരുന്ന ഇക്കൂട്ടർ ക്രമേണ കുടംബസമേതം ഉൾപ്രദേശങ്ങളിൽ കുടിയേറി. അവരുടെ വംശപരമ്പര കാലക്രമത്തിൽ നെടുമങ്ങാട്ടും തൊട്ടടുത്ത കരകുളത്തും എത്തി. ഇങ്ങനെ ഈ പഞ്ചായത്തുപ്രദേശത്ത് കുടിയേറിയ മുഹമ്മദീയരുടെ വംശപരമ്പരയിൽപ്പെട്ടവർ നിർമ്മിച്ചതാണ് ചെക്കകോണം വാർഡിലെ കുമ്മിപ്പള്ളി എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തീയ ജനവിഭാഗങ്ങൾ ഈ പ്രദേശത്ത് ഏറെ വൈകിയാണ് എത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. 1890-ാമാണ്ടിൽ ചെങ്കൽ ഭാഗത്തുനിന്ന് കുടിയേറി തണ്ണിപൊയ്കയിൽ താമസമായ യോവാൻ ആയിരുന്നു ആദ്യകുടിയേറ്റക്കാരൻ. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രിസ്തുമതവിശ്വാസികളായ വളരെയേറെ ആളുകൾ മരുതൂരിന്റെ പല ഭാഗത്തും താമസമായി. മരുതൂരിലെ സി.എസ്.ഐ പള്ളി പഞ്ചായത്തുപ്രദേശത്തെ പഴക്കമേറിയ ക്രൈസ്തവാരാധനാലയങ്ങളിലൊന്നാണ്. അക്കാലത്ത് ക്രിസ്തുമതവിശ്വാസികൾ ആരാധനയ്ക്കായി ബഹുദൂരം കാൽനടയായി പാളയം, തുമ്പൈക്കോണം തുടങ്ങിയ പള്ളികളിൽ പോയിവരാറായിരുന്നു പതിവ്. ഇത് ബുദ്ധിമുട്ടായതിനാൽ അവർ സ്വന്തം സ്ഥലത്തുതന്നെ ആരാധന നടത്താൻ തീരുമാനിച്ചതിനെത്തുടർന്ന് മങ്കാരത്തു മോശമേസ്തിരിയുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് ആരാധന നടത്തിതുടങ്ങുകയും ചെയ്തു. ക്രമേണ ഇവിടെയൊരു പള്ളി സ്ഥാപിക്കണമെന്നുള്ള താൽപര്യം ഉളവാകുകയും റവ.പാർക്കർ മിഷണറിയുടെ അനുവാദപ്രകാരം തണ്ണിപൊയ്ക എന്ന സ്ഥലത്ത് ഒരു ഓലപ്പുര സ്ഥാപിച്ച് അവിടെ ആരാധന നടത്തിപ്പോരുകയും ചെയ്തു. ഈ ആരാധനാലയമാണ് ദക്ഷിണേന്ത്യ സഭയുടെ കീഴിലുള്ള ദക്ഷിണ കേരള മഹായിടവകയിലെ പ്രധാനപ്പെട്ട സഭകളിലൊന്നായ മരുതൂർ സഭ.
ദേശചരിത്രം
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ബ്രീട്ടിഷ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങൾക്കിരയായവർ ഇന്നാട്ടിൽ ഏറെയാണ്. കരകുളം കെ.പി.തുരുത്തിപള്ളി തങ്കപ്പൻപിള്ള, എ.കെ.കരകുളം മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടികുട്ടൻപിള്ള, മൂലൈകട്ടയ്ക്കാൽ കൃഷ്ണപിള്ള, കയ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻപിള്ള, പാറയിൽ രാമൻപിള്ള ഇനിയും ഇവിടേക്ക് ചേർത്തുവയ്ക്കേണ്ട ത്യാഗവര്യൻമാരുടെ പേരുകൾ പലതുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സ് യോഗം ചേരുന്നത് സർക്കാർ നിരോധിച്ച കാലം. സർ.സി.പി.യുടെ വിലക്ക് ലംഘിച്ച് സ്റ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ട് വരാൻ തയ്യാറാകാത്ത സാഹചര്യം. ഈ കാലഘട്ടത്തിൽ നെടുമങ്ങാടുമായി ബന്ധപ്പെട്ട ഒരു സമ്മേളനം നടത്തേണ്ടത് കോൺഗ്രസ്സിന്റെ ആവശ്യമായിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ കോൺഗ്രസ്സിന് യോഗംചേരാൻ സർവ്വവിധസംരക്ഷണവും സഹായവും നൽകാൻ പ്രബലനായ മുല്ലശ്ശേരി നാരായണപിള്ള മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ, സംരക്ഷണത്തിൻ കീഴിൽ 1119 മീനം 9-നു കരകുളം മുക്കോലയിൽ വച്ച് നടന്ന സമ്മേളനമായിരുന്നു കരകുളം സമ്മേളനം.
പ്രാക് ചരിത്രം
യുവരാജവായ മാർത്താണ്ഡവർമയും പ്രബല ക്ഷത്രിയവിഭാഗമായ[അവലംബം ആവശ്യമാണ്] എട്ടുവീടരും തമ്മിലുണ്ടായ സംഘർഷത്തിന്റെ ചരിത്രമുറങ്ങുന്ന പ്രദേശമാണിത്. എട്ടുവീട്ടിൽ പിള്ളമാരുടെ സഹായിയും യുദ്ധനിപുണനും തദ്ദേശിയ ജന്മിയുമായിരുന്ന കരകുളം പിള്ള, ഈ പ്രദേശം ഒരു കാലത്ത് ബുദ്ധമതവിശ്വാസികളുടെ കേന്ദ്രമായിരുന്നുവത്രെ. തിരുവിതാംകൂറിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
കരകുളം കെ.പി. തുരത്തിപ്പള്ളി തങ്കപ്പൻപിള്ള, എ.കെ. കരകുളം, മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടി കുട്ടൻപിള്ള, മുലൈകട്ടയ്ക്കാð കൃഷ്ണപിള്ള, കായ്പ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻ പിള്ള, പാറയിൽ രാമൻപിള്ള തുടങ്ങി ഒട്ടനവധി സ്വാതന്ത്ര്യസമരസേനാനികൾ ഈ പഞ്ചായത്തുകാരാണ്. സ്റേറ്റു കോൺഗ്രസ്സിന്റെ കരകുളം സമ്മേളനം പ്രസിദ്ധയോഗങ്ങൾ സർക്കാർ നിരോധിച്ചിരുന്നു; അതുകൊണ്ട് രഹസ്യസങ്കേതങ്ങളിലായിരുന്നു സമ്മേളനങ്ങൾ. തുടർന്ന് ചിറയിൻകീഴിയിലും, നെയ്യാറ്റിൻകരയിലും സമ്മേളനങ്ങൾ സംഘടിപ്പിച്ചു. സർ. സി.പി.യുടെ വിലക്കു ലംഘിച്ച് സ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിൽ, 1119 മീനം 9 മു കരകുളം മുക്കോലയിൽ വച്ച് സമ്മേളനം നടത്താൻ മുൻപിട്ടിറങ്ങിയ ആളാണ് മുല്ലശ്ശേരി നാരായണപിള്ള, ഈ സമ്മേളനമാണ് കരകുളം സമ്മേളനം കോയിക്കൽ സമ്മേളനം, കല്ലയം സമ്മേളനം, കാരമൂട് സമ്മേളനം തുടങ്ങിയ പ്രദേശിക സമ്മേളനങ്ങൾ സ്വാതന്ത്ര്യസമരത്തിന് വളരെയേറെ ശക്തി പകർന്നിട്ടുണ്ട്.